ന്യൂഡൽഹി: അരുണാചൽ അതിർത്തി പ്രദേശങ്ങളിലെ 30 സ്ഥലങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദത്തോടെ ചൈന പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അരുണാചലിലെ സ്ഥലപ്പേരുകൾ ചൈന മാറ്റിയതിനെ ഇന്ത്യ തള്ളിക്കളയുന്നു. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ചൈന സ്ഥലപ്പേരുകൾ മാറ്റിയതോടെ യാഥാർഥ്യം അല്ലാതാകുന്നില്ലെന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ഞാൻ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാൽ അത് എന്റേതാകുമോ? അരുണാചൽ പ്രദേശ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്. പേര് മാറ്റം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. സൈന്യത്തെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വിന്യസിച്ചിട്ടുണ്ട് – ജയ്ശങ്കർ പറഞ്ഞു. അതിർത്തിയിലെ പ്രശ്നങ്ങളെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെയാണ് അരുണാചലിലെ 30 ഇടങ്ങളിലെ പേരുകൾ ചൈന മാറ്റിയത്. ചൈനീസ് സിവിൽ കാര്യ മന്ത്രാലയമാണ് സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പുതിയ പട്ടിക പുറത്തിറക്കിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചൽ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. മോദിയുടെ അരുണാചൽ സന്ദർശനത്തെ ചൈന രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. പുതിയ പേരുമാറ്റത്തോടെ ഈ സ്ഥലങ്ങൾ 2024-ന്റെ അവസാനത്തോടെ ചൈനയുടെ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
നേരത്തെയും ചൈന അരുണാചലിലെ പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു. 2017-ൽ ആറിടങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക പുറത്തിറക്കിയിരുന്നു. 2021-ൽ 15 സ്ഥലങ്ങളുടേയും, 2023-ൽ 11 സ്ഥലങ്ങളുടേയും പേരുകൾ ചൈന മാറ്റിയിരുന്നു.