പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള വിയോജിപ്പ് പരസ്യമാക്കി സന്ദീപ് വാര്യർ. പാലക്കാട് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുന്ന സന്ദീപ് വാര്യർ പാർട്ടി വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി സംസ്ഥാന നേതൃത്വവും പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാറും തന്നെ നിരന്തരം അവഗണിക്കുകയാണെന്ന് സന്ദീപ് പോസ്റ്റിൽ പറയുന്നു. കൺവെൻഷനിൽ സീറ്റ് കിട്ടാത്തതുകൊണ്ട് താൻ പിണങ്ങിപ്പോയി എന്നാണ് വാർത്തകൾ വന്നത്. ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല, തുടർച്ചയായ ഒരുപാട് സംഭവങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവവമുണ്ടായത്. ആത്മാഭിമാനം പണയംവെച്ച് അപമാനിക്കപ്പെട്ട സ്ഥലത്തേക്ക് വീണ്ടും വരാൻ ആഗ്രഹിക്കുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.