എറണാകുളം: വഖ്ഫ് അധിനിവേശത്തിൽ സർക്കാരിനെതിരെ ലത്തീൻ സഭ. നീതിക്കായി തുടർസമരം ചെയ്യേണ്ടി വരുന്നത് ജനാധിപത്യ മൂല്യങ്ങൾക്കെതിരാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മനുഷ്യാവകാശങ്ങൾ പിടിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” പാവപ്പെട്ട ജനങ്ങളെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളെ ഇത്രയും ദിവസം സമരമുഖത്ത് ഇരുത്തിയത് ജനാധിപത്യമൂല്യങ്ങൾക്ക് ചേർന്നതല്ല. പാവപ്പെട്ട ജനങ്ങളുടെ ഭൂമി വഖ്ഫിന്റെ അല്ല. വഖ്ഫിന്റെ അല്ലാത്ത ഭൂമി തിരികെ നൽകാൻ മുൻകൈ എടുക്കേണ്ടത് സർക്കാരാണ്.”- ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു.
സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. ഒരു മനുഷ്യന്റെ അവകാശത്തിലേക്ക് മറ്റാർക്കും കടന്നു വരാൻ അനുവാദമില്ല. മുനമ്പത്തെ നിവാസികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വഖ്ഫ് അധിനിവേശത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളോട് കഴിഞ്ഞ ദിവസവും വിവിധ ക്രൈസ്തവ സഭകളുടെ രൂപതകൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീൻ സഭയും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.