റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി ഘടകകക്ഷികള്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവാദമില്ലാതെ ഉപയോഗിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം. 81 അംഗ നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലാതെ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു.ഇന്‍ഡ്യ മുന്നണിയിലെ പാര്‍ട്ടികള്‍ നടത്തിയ സീറ്റ് വിഭജനത്തില്‍ സിപിഐഎം ഇല്ല. കോണ്‍ഗ്രസും ജെഎംഎമ്മും അനുവാദമില്ലാതെ എല്ലായിടത്തും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചെന്നും പരാതിയില്‍ പറയുന്നു.
ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ മുന്നണിയില്‍ കോണ്‍ഗ്രസിനും ജെഎംഎമ്മിനും ഒപ്പം സിപിഐഎംഎല്‍ ലിബറേഷന്‍ മാത്രമേയുള്ളൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി ചിഹ്നം അരിവാളും ചുറ്റികയും നക്ഷത്രവുമാണ്. ഇതാണ് ഇന്‍ഡ്യ മുന്നണി കക്ഷികള്‍ ഉപയോഗിക്കുന്നത്. ഇത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഒരേ പോലെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. അത് കൊണ്ട് തങ്ങളുടെ ചിഹ്നം ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചെന്നും പ്രകാശ് വിപ്ലവ് പറഞ്ഞു.