റാഞ്ചി: മുസ്‌ലിം സംവരണത്തെ കുറിച്ച് വിവാദ പ്രസംഗവുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. രാജ്യത്ത് ബിജെപി ഉള്ള കാലം ന്യൂനപക്ഷ സംവണം നടപ്പാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലമുവില്‍ നടത്തിയ റാലിയിലായിരുന്നു വിവാദ പരാമര്‍ശം. കോണ്‍ഗ്രസിന്റെ മുസ്‌ലിം സംവരണത്തെ ആക്രമിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പ്രസംഗം.
ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങളുടെ സംവരണം കുറച്ച് മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുസ്‌ലിം പണ്ഡിതന്മാരെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് സംവരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ നമ്മുടെ ഭരണഘടനയില്‍ മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാനുള്ള വ്യവസ്ഥയില്ല. മഹാരാഷ്ട്രയില്‍ മുസ്‌ലിം പണ്ഡിതന്മാരുടെ സംഘം മുസ്‌ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അവരെ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തു. ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങളുടെ സംവരണം കുറച്ച് മുസ്‌ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം’, അമിത് ഷാ പറഞ്ഞു.
ബിജെപി ഉള്ളകാലത്തോളം രാജ്യത്ത് ന്യൂനപക്ഷ സംവരണം നടക്കില്ലെന്ന് രാഹുല്‍ ഗാന്ധിയോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങള്‍ക്കുള്ള സംവരണം ബാബാ സാഹേബ് അംബേദ്ക്കര്‍ നല്‍കിയതാണെന്നും അതിനെ നിരാകരിക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഒബിസി വിരുദ്ധ പാര്‍ട്ടിയാണെന്നും അധികാരത്തില്‍ വന്നപ്പോഴെല്ലാം അവര്‍ ഒബിസി വിഭാഗങ്ങളോട് അനീതി കാണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.