ആലപ്പുഴ: ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി കോൺഗ്രസ് സ്ഥാനാർഥി കെ സി വേണുഗോപാൽ. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായാണ് മാനനഷ്ടക്കേസ് നൽകിയത്. കരിമണൽ ഇടപാടുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെയാണ് കേസ്. കെ സി വേണുഗോപാലിൻ്റെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴല്‍ നാടന്‍ എംഎല്‍എ ഹാജരായി. ഹർജി ഫയലിൽ സ്വീകരിക്കുകയും 16 ന് ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു. സാക്ഷികൾക്ക് സമൻസ് അയക്കും.
കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് കെ സി വേണുഗോപാൽ കോടികൾ സമ്പാദിച്ചുവെന്നായിരുന്നു ശോഭയുടെ പരാമർശം. കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് രാജ്യാന്തര തലത്തിൽ പലതരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ട്. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെസി വേണുഗോപാൽ ആയിരക്കണക്കിനു കോടികൾ സമ്പാദിക്കുന്നുണ്ട്.
അതിലുൾപ്പെട്ട ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് ഓലയാണ് ആലപ്പുഴയിൽനിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. വേണുഗോപാൽ തനിക്കെതിരെ പരാതി നൽകിയത് സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ശോഭയുടെ പ്രതികരണം.