പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോ വന്നതിൽ വിശദീകരണവുമായി സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു. വിവാദം സൃഷ്ടിക്കാനായി പേജ് ഹാക്ക് ചെയ്ത്, മന:പൂർവം ഇത്തരത്തിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്ക്രീൻ റെക്കോർഡ് എടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയതായാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് ഉദയഭാനു പറയുന്നു.
‘പാലക്കാട് എന്ന സ്‌നേഹവിസ്മയം’ എന്ന കുറിപ്പോടെയാണ് രാഹുലിന്റെ പ്രചാരണവിഡിയോ പ്രത്യക്ഷപ്പെട്ടത്. പേജില്‍ നിന്ന് ദൃശ്യങ്ങള്‍ രാത്രി തന്നെ ഒഴിവാക്കി. ആദ്യം പേജ് വ്യാജമാണെന്നായിരുന്നു ഉദയഭാനുവിന്റെ വിശദീകരണം. എന്നാൽ, ഇപ്പോൾ പേജ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പറയുന്നത്. പേജിന്റെ നിയന്ത്രണം സോഷ്യൽ മീഡിയ ടീം തിരിച്ചെടുത്ത് വിഡിയോ നീക്കം ചെയ്യുകയും സൈബർ പൊലീസിനും ഫേസ്ബുക്കിനും പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്ന് ഉദയഭാനു പറയുന്നു.
പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാരെന്ന് ‘വ്യാജൻ ഇപ്പോൾ ഹാക്കറുമായി’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഉദയഭാനു പറയുന്നു. കുറിപ്പിൽനിന്ന്: ‘അടൂർ അസംബ്ലി മണ്ഡലത്തിലെ 119-ാം നമ്പർ ബൂത്തിലെ താമസക്കാരനാണ് വ്യാജൻ. (പെരിങ്ങനാട് വില്ലേജ്) കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ LDF ന് 111 വോട്ടിൻ്റെയും പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ LDF ന് 70 വോട്ടിൻ്റെയും ലീഡ് ഈ ബൂത്തിൽ ഉണ്ടായി. നാട്ടിൽ ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ലാത്ത വ്യാജൻ നാടൊട്ടുക്കുള്ള ആളുകളുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച്, ആ ആനൂകൂല്യത്തിൽ നേതൃസ്ഥാനത്തെത്തിയ ആളാണ്. അടൂർ, പന്തളം മേഖലകളിലെ ജനങ്ങളുടെ പേരിൽ പോലും ഇക്കൂട്ടർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് ദുരുപയോഗം ചെയ്തതിന് നിയമനടപടികളും വ്യാജൻ നേരിടുന്നുണ്ട്.
ജനാധിപത്യപരമായി നടക്കേണ്ടിയിരുന്ന ഒരു സംഘടനാ തിരഞ്ഞെടുപ്പിനെ പോലും വ്യാജ ഐ ഡി കാർഡ് ഉണ്ടാക്കി അട്ടിമറിച്ചവൻ ഉപതെരഞ്ഞെടുപ്പിന് മുൻപ് ഇനിയും പല തട്ടിപ്പുകളും നടത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാലക്കാട്ടെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സ. ഡോ.പി. സരിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’’