കേരളത്തിന്റെ ജലവിമാനം കൊച്ചി കായലലിൽ ലാൻഡ് ചെയ്തു. ബോൾഗാട്ടിയിൽ നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. അഞ്ചു പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന സീപ്ലെയിനാണ് എത്തിയിരിക്കുന്നത്. മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.
ചെണ്ടമേളവുമായാണ് സീപ്ലയിനെ സ്വീകരിച്ചത്. കൊച്ചി കായലിൽ ലാൻഡ് ചെയ്ത വിമാനത്തിന് കളക്ടർ അടക്കമുള്ള സംഘം വൻ സ്വീകരണമാണ് നൽകിയത്. ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷപറക്കൽ നാളെ നടക്കുക. കൊച്ചി ബോൾഗാട്ടിയിൽ നിന്നാണ് പരീക്ഷണ പറക്കൽ നടക്കുന്നത്. ആറു മാസത്തിനകം പദ്ധതി കൊമേഴ്‌സ്യൽ ട്രാൻസ്‌പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി.
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് സീപ്ലെയിൻ. വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ഒടുവിൽ ഒരുതവണ കേരളം ഉപേക്ഷിച്ച പദ്ധതിയാണ് സീ പ്ലെയിൻ. അന്ന് പദ്ധതിയോട് മുഖം തിരിച്ച സിപിഐഎം ഇന്ന് സി പ്ലെയിൻ പറത്താൻ മുന്നിൽ നിൽക്കുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു സി പ്ലെയിൻ. 2013-ലാണ് പദ്ധതി അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ യാഥാർഥ്യമാക്കുന്നത്. അഷ്ടമുടി, പുന്നമടക്കായലുകളിലും മൂന്നാർ, ബോൾഗാട്ടി, ബേക്കൽ എന്നിവിടങ്ങളിലും വാട്ടർ എയറോഗ്രാം ഒരുക്കി സർക്യൂട്ട് ടൂർ ആയിരുന്നു പദ്ധതി.
2020-ൽ രാജ്യത്ത് ആദ്യമായി ഗുജറാത്തിൽ സി പ്ലെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലേക്ക് പോയ സി പ്ലെയിൻ ഇന്ധം നിറയ്ക്കുന്നതിനായി കൊച്ചി കായലിലിറക്കിയപ്പോൾ, നഷ്ടപ്പെട്ട പദ്ധതിയെ കേരളം വീണ്ടും ഓർത്തു. ഒന്നാം പിണറായി സർക്കാർ പദ്ധതിയോട് മുഖം തിരിച്ചെങ്കിലും രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. പ്രതിഷേധക്കാരുമായി സർക്കാർ സമവായത്തിലെത്തി. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.