തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളിൽ എന്‍. പ്രശാന്തിനെതിരെ നടപടി ഉണ്ടാകും. പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങൾ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രശാന്തിനെതിരായ നടപടി മുഖ്യമന്ത്രി തീരുമാനിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളാണ് എൻ. പ്രശാന്ത് ഐ.എ.എസ് ഉന്നയിച്ചത്. കീഴുദ്യോഗസ്ഥരായ നിരവധി സത്യസന്ധരുടെ കരിയറും ജീവിതവും ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പ്രശാന്ത് ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചിരുന്നു. സെക്രട്ടേറിയറ്റ് ഇടനാഴിയിൽ വെറുതേ നടന്നാൽ അതേക്കുറിച്ച് കേൾക്കാമെന്നും അദ്ദേഹം ജോലി ചെയ്ത എല്ലാ വകുപ്പിലും ഒന്ന് ചോദിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ എന്നും കുറിപ്പിൽ പറഞ്ഞു.
മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെയും പ്രശാന്ത് രംഗത്തുവന്നിരുന്നു. ‘സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നു. ചിലരുടെ ഓർമ്മശക്തി ആരോ ‘ഹാക്ക്’ ചെയ്തതാണോ എന്നൊരു സംശയം! ‘മെറ്റ’ക്കൊരു കത്തയച്ചാലോ?’ എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചോദ്യം.
താൻ ചെയർമാനായിരുന്ന എസ്.സി, എസ്.ടി വകുപ്പിനു കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഒരു പത്രവാർത്തയെ വിശകലനം ചെയ്തായിരുന്നു ഈ കുറിപ്പ്. തനിക്കെതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും അദ്ദേഹം പറഞ്ഞു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ്’ -പ്രശാന്ത് പറഞ്ഞു.