തിരുവനന്തപുരം: വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.
വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഇവ വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിക്കുകയും ചെയ്തു.
വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വഖഫ് ബോർഡിന്റെ പേര് പറയാതെയായിരുന്നു സുരേഷ് ഗോപി വിമർശിച്ചത്. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. തങ്ങൾക്ക് മുനമ്പത്തെ സുഖിപ്പിച്ച് ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, സുരേഷ് ഗോപിയുടെ ഈ വിവാദ പ്രസംഗത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐ ജനയുഗം പത്രം രംഗത്തെത്തിയിരുന്നു. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടുവെന്നും സുരേഷ് ഗോപിയുടെ മുസ്‌ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ ‘കിരാതന്‍ ഗോപിയും വാവരു സ്വാമിയും’ എന്ന ലേഖനത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന ദേവികയുടെ കോളത്തിലാണ് വിമര്‍ശനം.
സുരേഷ് ഗോപിയെ മാത്രമല്ല, ശബരിമലയിലെ വാവര്‍ക്കെതിരെ സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെയും കേസെടുത്തില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് വൈകിയതേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ദ്ധ വളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ നടപടിയെടുക്കാത്തതെന്നും ലേഖനം ചൂണ്ടിക്കാട്ടി.