കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ സംഘർഷം. പൊലീസും വിദ്യാർഥികളും തമ്മിൽ കൈയാങ്കളിയിലെത്തി.
മികച്ച സ്കൂളുകളുടെ പട്ടികയിൽ ജി.വി രാജ സ്കൂളിനെ പരിഗണിച്ചതാണ് പ്രതിഷേധത്തിന് കാരണം. ജി.വി രാജ സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. നാവാമുകുന്ദ, മാർ ബേസിൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ് പ്രതിഷേധിക്കുന്നത്. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. കായികമേളയിലെ അത്‌ലറ്റിക്‌സിൽ 22 സ്വർണമടക്കം 247 പോയിന്‍റുമായി മലപ്പുറം ജില്ല കിരീടം സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സ് കിരീടം നേടുന്നത്. 25 സ്വർണത്തോടെ 213 പോയന്‍റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയാണ് അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. 80 പോയന്റാണ് സ്‌കൂളിന് ലഭിച്ചത്.
കായികമേളയിൽ തിരുവന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാർ. ഗെയിംസില്‍ 144 സ്വര്‍ണമടക്കം 1213 പോയിന്റോടെയാണ് തിരുവനന്തപുരം ആധിപത്യമുറപ്പിച്ചത്. ഓവറോള്‍ നേട്ടത്തിലും ബഹുദൂരം(1926 പോയിന്റ്) മുന്നിലെത്തി. 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമാണ് തിരുവനന്തപുരത്തിന്‍റെ നേട്ടം. 73 സ്വർണവും 56 വെള്ളിയും 75 വെങ്കലവുമായി റണ്ണറപ്പായ തൃശൂർ ജില്ലക്ക് 744 പോയന്‍റാണുള്ളത്. 67 സ്വർണം, 61 വെള്ളി,66 വെങ്കലവും നേടി കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.