തിരുവല്ല: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ നടപടികളാണ്. 2016 മുതല്‍ 2021 വരെ അധികാരത്തിലുണ്ടായിരുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുണ്ടായ മിസ്മാനേജ്‌മെന്റാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. 2020 മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളാണ് സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്.
കിഫ്ബി നിയമം തോമസ് ഐസക് കൊണ്ടുവന്നപ്പോള്‍, ബജറ്റിന് പുറത്ത് കടം വാങ്ങാന്‍ പാടില്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും പ്രതിപക്ഷം നല്‍കിയ മുന്നറിയിപ്പ് ഇന്ന് സുപ്രീം കോടതി ശരിവച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 56700 രൂപ കിട്ടാനുണ്ടെന്നും അതിനു വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്. എന്നാല്‍ 56700 കോടി കിട്ടാനുണ്ടെന്നത് സംബന്ധിച്ച ഒരു വാദവും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചില്ല. കടമെടുക്കാനുള്ള പരിധി മാറ്റണമെന്നും കടമെടുപ്പിനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. നാല് ലക്ഷം കോടി രൂപയുടെ പൊതുകടത്തിലേക്ക് കൂപ്പ് കുത്തിയ കേരളം വീണ്ടും കടമെടുത്താലുള്ള അവസ്ഥ എന്തായിരിക്കും. കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക് ഇപ്പോള്‍ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുമെന്നും അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറയുന്നത്. ഈ മനുഷ്യന്‍ കേരളത്തെ പട്ടിണിയിലാക്കി. അപകടകരമായ രീതിയില്‍ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ മുഖ്യഉത്തരവാദി ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കാണ്. അപകടത്തില്‍ നിന്നും കരകയറാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും ശ്രമമുണ്ടായില്ല.
ഇപ്പോഴും ധനകാര്യ മിസ്മാനേജ്‌മെന്റ് തുടരുകയാണ്. നികുതി പരിവിലും ദുര്‍ ചെലവ് നിയന്ത്രിക്കുന്നതിലും അഴിമതി തടയുന്നതിലും ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു. നികുതി പിരിവിലെ പരാജയവും ദുര്‍ ചെലവുമാണ് ശമ്പളമോ പെന്‍ഷനോ കൊടുക്കാനാകാത്ത അത്രയും ഗുരുതര ധനപ്രതിസന്ധിക്ക് കാരണം. ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. എന്നിട്ടും മുഖ്യമന്ത്രിയും ധനമന്ത്രിയും മൗനം പാലിക്കുകയാണ്. പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു കൊന്നു. അപകടകരമായ സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്നും സതീശൻ ആരോപിച്ചു.