ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക് 2024-ലെ ബുക്കർ പുരസ്കാരം. ഓർബിറ്റൽ എന്ന സയൻസ് ഫിക്ഷൻ നോവലിലൂടെയാണ് സാമന്തയെ തേടി പുരസ്കാരം എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവൽ പറയുന്നത്. 50,000 പൗണ്ട് (ഏകദേശം 64,000 രൂപ) ആണ് അവാർഡ് തുക.
ലോക്ക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികർ 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവൽ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഭൂമിയുടെ വീഡിയോകൾ കാണുന്നതാണ് ഇങ്ങനെയൊരു നോവലെഴുതാൻ പ്രേരിപ്പിച്ചതെന്ന് സാമന്ത 2023-ൽ പറഞ്ഞിരുന്നു.
യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരമായാണ് ബുക്കർ പ്രൈസ് കണക്കാക്കപ്പെടുന്നത്. ആൻ മൈക്കൽസ് എഴുതിയ ഹെൽഡ്, റേച്ചൽ കുഷ്നറുടെ ക്രിയേഷൻ ലെയ്ക്ക്, യേൽ വാൻ ഡെൽ വൂഡന്റെ ദ സെയ്ഫ്കീപ്പ്, ഷാർലറ്റ് വുഡിന്റെ യാർഡ് ഡിവോഷണൽ, പേഴ്സിവൽ എവെറെറ്റ് എഴുതിയ ജെയിംസ് എന്നിവയെ പിന്തള്ളിയാണ് ഓർബിറ്റൽ പുരസ്കാരം സ്വന്തമാക്കിയത്.
ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോൺഡെൻ പുരസ്കാരം നേടിയ കൃതിയാണ് ഓർബിറ്റൽ.