തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2023 ലെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ഐ.വി ദാസ് പുരസ്‌കാരത്തിന് പ്രൊഫ. എം ലീലാവതി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വെങ്കല ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുളള പിഎൻ പണിക്കർ പുരസ്‌കാരത്തിന് പൊൻകുന്നം സെയ്ദും തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്‌ക്കുളള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ഇഎംഎസ് പുരസ്‌കാരത്തിന് കൊല്ലം കാട്ടാമ്പളളി സൻമാർഗദായിനി യുവജന ഗ്രന്ഥശാല അർഹമായി. ഒരു ലക്ഷം രൂപയും വെങ്കല ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പിന്നാക്ക പ്രദേശത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്‌ക്കുള്ള പുരസ്‌കാരം വയനാട് കണ്ണങ്കോട് നവോദയ ഗ്രന്ഥശാല നേടി. മികച്ച സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്‌ക്കുളള സമാധാനം പരമേശ്വരൻ പുരസ്‌കാരം കാസർകോട് ജില്ലയിലെ പൊളളപ്പൊയിൽ ബാലകൈരളി ഗ്രന്ഥശാലയ്‌ക്കാണ്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.