Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹവും കരുതലും പ്രതീക്ഷിച്ചത് എന്റെ തെറ്റ്'- സന്ദീപ് വാര്യർ

‘ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹവും കരുതലും പ്രതീക്ഷിച്ചത് എന്റെ തെറ്റ്’- സന്ദീപ് വാര്യർ

പാലക്കാട്: അങ്ങേയറ്റം വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സ്ഥലത്ത് ജോലിയെടുത്തതിൽ ജാള്യതയെന്ന് ബിജെപി വിട്ട സന്ദീപ് വാര്യർ. പാലക്കാട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്ദീപ്. സ്‌നേഹത്തിന്റെ കടയിലാണ് താൻഡ അംഗത്വമെടുത്തതെന്നും ബിജെപിയിൽ വീർപ്പു മുട്ടിയാണ് ഇത്രയും നാൾ കഴിഞ്ഞതെന്നും സന്ദീപ് പ്രതികരിച്ചു.

സന്ദീപിന്റെ വാക്കുകൾ:

അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തർക്കമുണ്ടായിട്ടുണ്ടെങ്കിലും എല്ലാ രാഷ്ട്രീയപ്പാർട്ടികളുമായും അടുത്ത സുഹൃദ്ബന്ധം സൂക്ഷിച്ചിട്ടുള്ളയാളാണ് ഞാൻ. രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായ സൗഹൃദവുമുണ്ടായിരുന്നു. മാനവികമായും മനുഷ്യത്വമായും ചിന്തിക്കുക എന്നത് രാഷ്ട്രീയത്തിൽ ഏറെ പ്രധാനമാണ്. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ അവിടെ നിന്ന് സ്‌നേഹവും കരുതലും താങ്ങലുമൊക്കെ നമ്മൾ പ്രതീക്ഷിക്കും. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഒരു സ്ഥലത്ത് നിന്ന് അത്തരം കരുതൽ പ്രതീക്ഷിച്ചത് എന്റെ തെറ്റ്.

പല ഘട്ടങ്ങളിലും ഞാൻ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. ഏകാധിപത്യ പ്രവണതയുള്ള, ജനാധിപത്യ മൂല്യങ്ങളില്ലാത്ത ഒരു സ്ഥലത്ത് വീർപ്പുമുട്ടി കഴിയുകയായിരുന്നു ഞാൻ. സ്വന്തം അഭിപ്രായങ്ങൾ പറയാനോ വ്യക്തിത്വം കാത്തു സൂക്ഷിക്കാനോ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാനോ ഉള്ള സ്വാതന്ത്ര്യം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ട ആളാണ് ഞാൻ. കേരളത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ഉപരോധമേർപ്പെടുത്തി ജീവിക്കാൻ സാധിക്കില്ലെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഒരുവർഷക്കാലമാണ് മാധ്യമച്ചർച്ചകളിൽ നിന്ന് എന്നെ മാറ്റിനിർത്തിയത്.

ഞാൻ ജനിച്ചുവളർന്ന സാഹചര്യങ്ങളിൽ മതം ചികയാൻ ഒരു താല്പര്യവും എനിക്കുണ്ടായിരുന്നില്ല. വ്യക്തിപരമായ ആ അഭിപ്രായം പങ്കുവച്ചതിന് ഹീനമായ സാമൂഹ്യ മാധ്യമ അതിക്രമം തന്നെ എനിക്ക് നേരിടേണ്ടി വന്നു. അപ്പോഴൊന്നും ഞാൻ സംഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. ഞാൻ വിശ്വസിച്ചുവരുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്ന സംഘടനയുടെ നാവായി ഞാൻ നിലകൊണ്ടിട്ടുണ്ട്. ആ സംഘടനയ്ക്ക് വേണ്ടി തൊണ്ടപൊട്ടി പ്രസംഗിച്ചിട്ടുണ്ട്. ഇവിടിരിക്കുന്ന പലരുമായും പാർട്ടിയെ പ്രതിരോധിക്കാൻ ഭാഷയുടെ എല്ലാ സാധ്യതയും ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയാണല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം. പക്ഷേ തിരിച്ചിങ്ങോട്ട് എന്ത് കിട്ടി.

കുറച്ച് നാളായി ബിജെപിയിൽ നിന്ന് എനിക്ക് കിട്ടിയത് അങ്ങേയറ്റത്തെ ഒറ്റപ്പെടുത്തലും വേട്ടയാടലുമാണ്. ഞാനിന്നിവിടെ കോൺഗ്രസിന്റെ ത്രിവർണ ഷാൾ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കിൽ അതിനുത്തരവാദി കെ.സുരേന്ദ്രനും സംഘവുമാണ്. കേരളത്തിലെ സിപിഎമ്മുമായി ചേർന്ന് അവർ നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സിനെതിരെ നിലപാടെടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്. കരുവന്നൂരും കൊടകരയും പരസ്പരം വെച്ചു മാറുന്നതിന്റെ എതിർത്തു എന്നതാണ് ഞാൻ ചെയ്ത കുറ്റം. ധർമരാജന്റെ കോൾ ലിസ്റ്റിൽ പേരില്ലാഞ്ഞതും എന്റെ പേരിലുള്ള കുറ്റമായി.

ആ കുറ്റങ്ങൾ ഒരു കുറവാണെങ്കിൽ, ആ കുറവ് അംഗീകരിച്ചു കൊണ്ട് സ്‌നേഹത്തിന്റെ കടയിൽ അംഗത്വമെടുക്കാനാണ് എന്റെ തീരുമാനം. അങ്ങേയറ്റം വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ ജോലിയെടുത്തു എന്നതാണ് ഇപ്പോൾ എന്നെ അലട്ടുന്ന ജാള്യത. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ശ്രീനിവാസന്റെ ഫോട്ടോ വെച്ച് വോട്ട് തേടുന്ന നിലയിലേക്ക് പാർട്ടി താഴ്ന്നത് എപ്പോഴാണെന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments