വാട്‌സാപ്പിൽ സ്റ്റാറ്റസുകൾ ഇടുന്നതും അത് എത്രയാളുകൾ കണ്ടുവെന്ന് ഇടയ്ക്ക് ഇടയ്ക്ക് പരിശോധിക്കുന്നവരുമാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കുകൂടിയുള്ളതാണ്. വാട്‌സാപ്പിലെ സ്റ്റാറ്റസുകളിൽ വാട്‌സാപ്പ് ഗ്രൂപ്പുകളെയും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ സ്റ്റാറ്റസിനെ കുറിച്ച് ഗ്രൂപ്പിലെ മുഴുവൻ ആളുകൾക്ക് അറിയിപ്പ് ലഭിക്കുകയും അവർക്ക് സ്റ്റാറ്റസ് ഇട്ടത് അറിയാൻ സാധിക്കുകയും ചെയ്യും.
പ്ലേസ്റ്റാറിൽ ലോഞ്ച് ചെയ്ത വാട്‌സാപ്പിന്റെ പുതിയ ബീറ്റ പതിപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകളെ മെൻഷൻ ചെയ്യാൻ സാധിക്കും. നേരത്തെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യാൻ സാധിക്കുന്ന അപ്‌ഡേഷൻ വാട്‌സാപ്പ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രൂപ്പുകളെയും ടാഗ് ചെയ്യാൻ സാധിക്കുന്ന സംവിധാനം വാട്‌സാപ്പ് കൊണ്ടുവരുന്നത്.
ഗ്രുപ്പുകളെ മെൻഷൻ ചെയ്യാൻ സാധിക്കുന്നതിലൂടെ വ്യക്തികളെ ഇനി പ്രത്യേകം പ്രത്യേകം സ്റ്റാറ്റസുകളിൽ പരാമർശിക്കേണ്ടതില്ല. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ ടാഗ് ചെയ്യാൻ സാധിക്കുക. സ്റ്റാറ്റസിൽ ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ ഗ്രൂപ്പ് ചാറ്റിൽ മെൻഷനെ കുറിച്ച് അംഗങ്ങൾക്ക് അറിപ്പ് ലഭിക്കും. ഇതിലൂടെ സ്റ്റാറ്റസുകൾ കാണുന്നതിന് ഗ്രൂപ്പ് അംഗങ്ങൾക്ക് സാധിക്കും.
അതേസമയം ഗ്രൂപ്പ് ചാറ്റ് നിശബ്ദമാക്കി വെക്കുന്നവർക്ക് ഇത്തരത്തിൽ ഗ്രൂപ്പിനെ മെൻഷൻ ചെയ്ത സന്ദേശം ലഭിക്കില്ല.