കൊച്ചി: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കും? അധികാരത്തിലിരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയതെന്തിന്? എന്നിങ്ങനെയാണ് കോടതിയുടെ ചോദ്യം. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത് നിരാശപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 153.467 കോടി രൂപ അനുവദിക്കാൻ ഹൈ ലെവൽ കമ്മിറ്റി തീരുമാനിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇതിന്റെ 50% തുക എസ്ഡിആർഎഫ് ബാലൻസിൽ നിന്ന് വഹിക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നു. വ്യോമ രക്ഷാപ്രവർത്തനത്തിനും മൃതദേഹം മാറ്റുന്നതിനുമുള്ള തുകയും അനുവദിച്ചെന്ന് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.