ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജേന്ദർ ഇക്കാര്യം അറിയിച്ചത്. ”രാജ്യത്തിന്റെ വികസനത്തിനായും ജനങ്ങളെ സേവിക്കാനുമായി ഇന്ന് ഞാൻ ബി.ജെ.പിയിൽ ചേർന്നു.”-എന്നാണ് വിജേന്ദർ സിങ് എക്സിൽ കുറിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
മധുര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജേന്ദർ മത്സരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതെകുറിച്ച് ജനങ്ങൾക്ക് ആവശ്യമാണെങ്കിൽ മത്സരിക്കാൻ തയാറാണ് എന്ന് വിജേന്ദർ എക്സിൽ പോസ്റ്റുകയും ചെയ്തു. ഹരിയാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ജാട്ട് സമുദായത്തിൽ പെട്ടയാളാണ് ഇദ്ദേഹം. മധുരയിൽ ഹേമമാലിനിയെ മാറ്റി വിജേന്ദറിനെ ബി.ജെ.പി സ്ഥാനാർഥിയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
2019ലാണ് വിജേന്ദർ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.കർഷക സമരത്തെയും പിന്തുണച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടു.ഹരിയാന സ്വദേശിയായ വിജേന്ദർ സിങ് 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. ആദ്യമായാണ് ഒരു ഇന്ത്യൻ ബോക്സർ ഈ നേട്ടം സ്വന്തമാക്കുന്നത്. 2010 ഏഷ്യൻ ഗെയിംസിൽ സ്വർണമണിഞ്ഞ വിജേന്ദർ 2006, 2010 വർഷങ്ങളിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും കരസ്ഥമാക്കി. 2009ലെ ലോക ചാമ്പ്യൻഷിപ്പിലും 2010ലെ കോമൺവെൽത്ത് ഗെയിംസിലും വെങ്കലം നേടി. 2009ൽ ‘രാജീവ് ഗാന്ധി ഖേൽ രത്‌ന’ അവാർഡും 2010ൽ പത്മശ്രീയും നൽകി.