ന്യൂഡൽഹി: അധിക്ഷേപിക്കാനും ദുർബലനാക്കാനുമാണ് ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈകോടതിയിൽ. കേസിൽ അറസ്റ്റ് ചെയ്തതിൽ ഇടക്കാലാശ്വാസം തേടിയാണ് കെജ്രിവാൾ ഹൈകോടതിയെ സമീപിപ്പിച്ചത്. ഇ.ഡിക്ക് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഹാജരായി. കെജ്രിവാളിന് വേണ്ടി അഭിഷേക് മനു സിങ്‍വിയും വിക്രം ചൗധരിയും ഹാജരായി.
തന്നെയും എ.എ.പിയെയും തകർക്കാനുള്ള നീക്കമാണ് അറസ്റ്റ്. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് അതാണ് സൂചിപ്പിക്കുന്നതെന്നും കെജ്രിവാൾ കോടതിയിൽ ചൂണ്ടിക്കാട്ടി.കെജ്രിവാളിനെതിരെ നിരവധി തവണ ഇ.ഡി സമൻസയച്ചതിനെയും മനു അഭിഷേക് സിങ്‍വി ചോദ്യം ചെയ്തു. ഒമ്പതു തവണ സമൻസ് നൽകി ഒരിക്കൽ പോലും അറസ്റ്റ് ഉണ്ടായിട്ടില്ല. തെളിവുകളോ സാക്ഷി മൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടന്നപ്പോൾ വീട്ടിൽ വെച്ചും ഉദ്യോഗസ്ഥർ മൊഴിയെടുത്തിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച അദ്ദേഹത്തെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.