തിരുവനന്തപുരം: ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടി മാലാ പാർവതി. ഹേമ കമ്മിറ്റി കാണിച്ചത് വിശ്വാസ വഞ്ചനയാണ്. തങ്ങൾക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുളളവർക്കുണ്ടായ കേട്ടറിവുകളും ഹേമ കമ്മിറ്റിയോട് പറഞ്ഞിരുന്നു. കേസിന് താൽപര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്.റിപ്പോർട്ടിൽ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാലാ പാർവതി. ഹേമ കമ്മറ്റിക്ക് മുൻപാകെ ഹാജരായി മൊഴി നൽകിയ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടി ഹർജി നൽകി.
സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയല്ല. എസ്.ഐ.ടി ചലച്ചിത്ര പ്രവർത്തകരെ വിളിച്ച് ഹറാസ് ചെയ്യുകയാണ്.കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാർവ്വതി പറയുന്നു. എന്നാൽ, മാലാ പാർവതി നൽകിയ ഹരജിക്കെതിരെ ഡബ്ലു.സി.സി രംഗത്തെത്തിയിരിക്കുകയാണ്.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് എതിരെയാണ് മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമാണെന്ന് ഡബ്ല്യു.സി.സി.യുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് എതിരായ ഹര്‍ജികള്‍ ഡിസംബര്‍ 10-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.