കാസര്‍കോട്: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് സ്വദേശിനി മുന ഷംസുദ്ദീനെ തെരഞ്ഞെടുത്തു. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയില്‍ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളാണ് മുന.
ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ ഇവര്‍ ലണ്ടനിലെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്‌മെന്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് കഴിഞ്ഞവര്‍ഷം ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്. ബ്രിട്ടനിലെ നോട്ടിങ്ങാം സര്‍വകലാശാലയില്‍നിന്ന് മാത്തമാറ്റിക്‌സ് ആന്‍ഡ് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജറുസലേമില്‍ കോണ്‍സുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയില്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ആയും പ്രവര്‍ത്തിച്ചു.
യു.എന്‍. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭര്‍ത്താവ്. കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. പി. അഹ്‌മദിന്റെയും പരേതയായ സൈനബിയുടെയും മകനാണ് മുനയുടെ പിതാവായ ഡോ. ഷംസുദ്ദീന്‍. യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവര്‍ത്തിച്ചു.