ന്യൂഡൽഹി: ഇ.വി.എമ്മുകൾ വഴി പോൾ ചെയ്ത വോട്ടുകളിൽ വ്യത്യാസമുണ്ടെന്ന ആരോപണവുമായി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ഇതിന് പാർട്ടിയുടെ കൈവശം ഇപ്പോൾ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്ത ഏജൻസിയായ എ.എൻ.ഐയോടാണ് ശരത് പവാറിന്റെ പ്രതികരണം.ഇ.വി.എമ്മിലെ വോട്ടുകളിൽ ചില വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇതിന് ഇപ്പോൾ തന്റെ കൈവശം തെളിവുകളൊന്നും ഇല്ല. ചില ആളുകൾ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് കാണാം. ഇക്കാര്യത്തിൽ തനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമയല്ല ഇത് സംഭവിക്കുന്നത്. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ജനങ്ങളെ അസ്വസ്ഥരാക്കി. ജനങ്ങൾക്കിടയിൽ വല്ലാത്ത നിരാശയുണ്ട്. എല്ലാ ദിവസവും പാർലമെന്റിൽ പ്രതിപക്ഷ നേതാക്കൾ ചോദ്യങ്ങൾ ഉന്നയിക്കുന്നു. അവരുടെ ആശയങ്ങൾ പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ടെന്നും അംഗീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത് ഇതുപോലെ തുടരുകയാണെങ്കിൽ തങ്ങൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച കോൺഗ്രസ് പാർട്ടിയും തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും കോൺഗ്രസ് വിമർശിച്ചു. ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് സുതാര്യമായ തെരഞ്ഞെടുപ്പ്. നിലവിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്യാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും കോൺഗ്രസ് വിമർശിച്ചു.