ആലപ്പുഴ: സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ആലപ്പുഴ പറവൂരിലെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സൗഹാർദപരം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും ഇരു നേതാക്കളും പ്രതികരിച്ചു. അമ്പലപ്പുഴയിലെ ഏരിയാ സമ്മേളനത്തിൽനിന്ന് ജി.സുധാകരനെ മാറ്റി നിർത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നതു ശ്രദ്ധേയമാണ്.
‘‘എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ വിവരങ്ങൾ തിരക്കിയാണ് വേണുഗോപാൽ വന്നത്. ഇപ്പോൾ കണ്ടു. തികച്ചും സൗഹാർദപരമാണ് സന്ദർശനം. രാഷ്ട്രീയ ഭേദമൊന്നും സന്ദർശനത്തിന് ഇല്ല. ഞങ്ങൾ ഒരുമിച്ച് അസംബ്ലിയിൽ ഉണ്ടായിരുന്നു. സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിന്നത് മാനദണ്ഡങ്ങൾ പ്രകാരമാണ്. ആ മാനദണ്ഡം ഞാനും അംഗീകരിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു.