Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജോലിയില്‍ ഇരിക്കെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുകള്‍ പുറത്തുവിടണം; പ്രതിപക്ഷ നേതാവ്

ജോലിയില്‍ ഇരിക്കെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുകള്‍ പുറത്തുവിടണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ജോലിയില്‍ ഇരിക്കെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പേരുകള്‍ പുറത്തുവിട്ടില്ലെങ്കില്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയത്തിന്റെ നിഴലിലാകുമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നല്‍കിയ കത്തില്‍ പറയുന്നു.

സാമൂഹിക പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹരായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുമ്പുതന്നെ സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സിഎജിയെ അറിയിച്ചിരുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നത് അത്ഭുതമാണെന്നും കത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം

ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഉണ്ടെന്ന കണ്ടെത്തല്‍ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്.

സര്‍ക്കാര്‍ ശമ്പള സോഫടുവെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്ടുവെയറായ സേവനയും ഒത്തു നോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടു വര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയത്.

സര്‍വീസില്‍ തുടരവെ സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തു വന്നത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തെ ബാധിക്കരുത്. പെന്‍ഷന്‍ കുടിശിക അടക്കം ഉടന്‍ കൊടുത്തു തീര്‍ക്കണം. ഏതാനും സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങള്‍ ഇതിന്റെ പേരില്‍ നിഷേധിക്കപ്പെടരുത്.

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്ടുവെയറില്‍ ചില ഗുരുതരമായ പോരായ്മകള്‍ സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com