പാരിസ്: മാസങ്ങൾക്കുള്ളിൽ തന്നെ ആണവായുധം സ്വന്തമാക്കാനാകുമെന്ന് ഫ്രാൻസിൻ്റെ രഹസ്യാന്വേഷണ മേധാവിയുടെ മുന്നറിയിപ്പ്. ഫ്രഞ്ച് ഫോറിൻ ഇൻ്റലിജൻസ് സർവീസ് മേധാവി നിക്കോളാസ് ലെർനറാണ് പരസ്യ മുന്നറിയിപ്പ് നൽകിയത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവൻ റിച്ചാർഡ് മൂറിനൊപ്പം പാരീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ലെർണർ ഇക്കാര്യം പറഞ്ഞത്.
ഫ്രാൻസിനേയും ബ്രിട്ടനെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഇറാൻ്റെ ആണവ പദ്ധതിയെന്നാണ് അദ്ദേഹം പറഞ്ഞു. ഈ ഭീഷണിയെ നേരിടാൻ തീർച്ചയായും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഫ്രാൻസിൻ്റെ ഇൻ്റലിജൻസ് മേധാവി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2018-ൽ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെത്തുടർന്ന് വ്യാപകമായി ആശങ്കകൾ ഉയർന്നിരുന്നു.
മൂന്ന് വർഷം മുമ്പ് ഒപ്പുവച്ച കരാറിൻ്റെ ഭാഗമായി ഭാഗികമായ ഉപരോധത്തിൽ ഇളവ് നൽകുന്നതിന് പകരമായി ഇറാൻ അതിൻ്റെ ആണവ പദ്ധതി നിയന്ത്രിക്കാൻ സമ്മതിച്ചെങ്കിലും അത് പ്രാവർത്തികമായിരുന്നില്ല. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ആയുധം വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നുമാണ് ഇറാൻ വാദിക്കുന്നത്. എന്നാൽ കരാറിൻ്റെ തകർച്ചയ്ക്ക് ശേഷം ഇറാൻ യുറേനിയം സമ്പുഷ്ടീകരണം 60% ആയി വർധിപ്പിച്ചതായാണ് യുഎൻ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി പറയുന്നത്.