ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. കാറോടിച്ച ഗൗരീശങ്കർ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിൾ പേ ചെയ്ത് നൽകിയതിന്റെ തെളിവ് ലഭിച്ചു. വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരിൽ വാഹനം നൽകിയെന്നായിരുന്നു ഉടമയുടെ മൊഴി.
കേസിൽ കാർ ഓടിച്ച വിദ്യാർഥി ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിരുന്നു. കെഎസ്ആർടിസി ഡ്രൈവറെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
ഇതിനിടെ വാഹനാപകടത്തിൽ പരിക്കേറ്റ അഞ്ചിൽ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിലുള്ള ആൽവിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് മനു, ഗൗരി ശങ്കർ, മുഹ്സിൻ, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.തിങ്കളാഴ്ച രാത്രി കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.