കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നുമായിരുന്നു സർക്കാർ നിലപാട്. കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തിൽ വിശദവാദം കേൾക്കുമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. സി.ബി.ഐ. അന്വേഷണമാവശ്യപ്പെടുന്ന ഭാര്യ മഞ്ജുഷയുടെ ഹർജി 12-ന് വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഹാജരാക്കാൻ നേരത്തേ നിർദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. അന്വേഷണറിപ്പോർട്ടും സമർപ്പിച്ചിട്ടില്ല. കഴിഞ്ഞദിവസം മറ്റൊരു ബെഞ്ചായിരുന്നു വിഷയം പരിഗണിച്ചത്. ഹർജി പരിഗണിച്ചപ്പോൾ അന്വേഷണത്തിന് സി.ബി.ഐ. തയ്യാറാണോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിട്ടാൽ ഏറ്റെടുക്കാമെന്നായിരുന്നു മറുപടി. എന്നാൽ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു. പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് നിലവിൽ തെളിവുകളില്ല. പ്രതിക്ക് രാഷ്ട്രീയസ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്ന് പറയാനാകില്ല. കണ്ണൂർ കമ്മിഷണറാണ് പ്രത്യേക അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുന്നത്.