വത്തിക്കാൻ : ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം ഇന്നു വൈകിട്ട് 4ന് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കുന്ന ചടങ്ങുകളിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ദൈവത്തിന്റെയും മുൻ തലമുറകൾ ചെയ്ത നൻമകളുടെയും അനുഗ്രഹമാണ് കർദിനാൾ പദവിയെന്ന് ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു. സഭയിലെ സ്ഥാനങ്ങൾ നൻമ ചെയ്യാനുള്ള അവസരമാണ്. അടുത്ത വർഷം ഒട്ടേറെ പ്രധാന പരിപാടികളുള്ളതിനാൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്കെത്താൻ സാധ്യത കുറവാണ്. ഇന്ത്യയിലേക്ക് പെട്ടെന്ന് പോയിട്ട് വരാൻ കഴിയില്ല. പന്ത്രണ്ട് ദിവസമെങ്കിലും എടുക്കും. അത്രയും ദിവസം അദ്ദേഹത്തിനു കിട്ടുമോ എന്നറിയില്ല. ഭാരത സന്ദർശനം ഏറെ നാളായുള്ള അദ്ദഹത്തിന്റെ ആഗ്രഹമാണെന്നും ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് പറഞ്ഞു.
മാർ ജോർജ് കൂവക്കാട് ഉൾപ്പെടെ 21 പേരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഒന്നര മണിക്കൂറാണ് ഇന്നത്തെ ചടങ്ങുകളുടെ ദൈർഘ്യം. നാളെ രാവിലെ 9.30നു പഴയ കർദിനാൾമാരും പുതുതായി സ്ഥാനമേറ്റ കർദിനാൾമാരും മാർപാപ്പയ്ക്കൊപ്പം കുർബാന അർപ്പിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ തോമസ് തറയിലും മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരാവും.