കൊല്ലം: എസ്ഡിപിഐ വോട്ട് തള്ളാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പല സംഘടനകളും പിന്തുണ നല്‍കും. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നത് ഓരോരുത്തരുടെയും തീരുമാനമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
യുഡിഎഫ് തീരുമാനത്തിന് ഒപ്പമുണ്ടോ എന്ന ചോദ്യത്തിന് ആലോചിച്ച് പറയാം എന്നായിരുന്നു പ്രേമചന്ദ്രന്റെ മറുപടി. പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനം എടുത്തതായി തനിക്ക് അറിയില്ല. മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പല സംഘടനകളും പിന്തുണ നല്‍കും. രാഹുല്‍ ഗാന്ധി പ്രകടനപത്രികാ സമര്‍പ്പണത്തിന് എത്തിയപ്പോള്‍ പാര്‍ട്ടി പതാകകള്‍ ഒഴിവാക്കിയത് തിരഞ്ഞെടുപ്പ് റാലി അല്ലാത്തതിനാലാണ്. അതിന് മറ്റൊരു വ്യാഖ്യാനം നല്‍കേണ്ടതില്ല. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവാരത്തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
സ്വന്തം പാര്‍ട്ടിപതാക ഉയര്‍ത്താന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. വിവാദം കാരണമാണ് പതാക ഒഴിവാക്കിയതെന്നാണ് വാര്‍ത്ത. ഇത് ഭീരുത്വമല്ലേ എന്നും പിണറായി ചോദിച്ചു. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആ പതാകയുടെ ചരിത്രം അറിയില്ല. നിര്‍ണായക ഘട്ടത്തില്‍ ബിജെപിയെ ഭയന്ന് പതാക ഒളിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗിന്റെ വോട്ട് വേണം, പക്ഷേ അവരുടെ പതാക പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.