ന്യൂഡല്‍ഹി: മാര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് ഭാരതത്തിന് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് കൂവക്കാടിനെ പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ കേന്ദ്രസര്‍ക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അയച്ചുവെന്നും ചടങ്ങുകള്‍ക്ക് മുമ്പ്, ഇന്ത്യന്‍ പ്രതിനിധികള്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.
പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചു. മാര്‍ ജോര്‍ജ് കൂവക്കാട് അടക്കം 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ എല്ലാ കര്‍ദിനാള്‍മാരുടെയും സാന്നിധ്യത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടന്നത്