തിരുവനന്തപുരം: നടൻ സിദ്ദീഖിനെതിരായ ബലാത്സംഗക്കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സിദ്ദീഖിനെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടെന്ന നടിയുടെ ആരോപണം സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകളാണ് ഇനി ലഭിക്കേണ്ടതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സിദ്ദീഖിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനില്ലെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. അതിനാൽ ഇനി ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. സിദ്ദീഖ് അന്വേഷണത്തോട് പൂർണമായി സഹകരിച്ചില്ലെന്നും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിലും അന്വേഷണസംഘം രേഖപ്പെടുത്തുക.
ബലാത്സംഗം നടന്നതായി പരാതിയിൽപ്പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ നിന്നുള്ള തെളിവുകളെല്ലാം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകളാണ് ഇനി ബാക്കി. പരാതിക്കാരിയായ നടിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ കണ്ട് ഇഷ്ടപ്പെട്ട ശേഷം 2014 മുതൽ അതുവഴി ചാറ്റ് ചെയ്താണ് സിദ്ദീഖ് സൗഹൃദം സ്ഥാപിക്കുന്നതെന്നാണ് നടി പരാതിയിലും മൊഴിയിലും പറയുന്നത്. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ലഭിക്കണം. നടിക്കയച്ച മെസ്സേജുകൾ സിദ്ദീഖ് ഡിലീറ്റ് ചെയ്‌തെന്നാണ് നിഗമനം. ഇവകൂടി ശേഖരിച്ചാൽ ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം തുടങ്ങും