കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജ് ആണ് അറസ്റ്റിലായത്. കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ സിസിടിവികളെല്ലാം അക്രമികൾ എടുത്തുകൊണ്ടുപോയിരുന്നു. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.
ആക്രമണത്തിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്ന് സുധാകരൻ പറഞ്ഞു. പൊളിക്കണോയെന്ന് നിങ്ങൾ പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നാണ് സുധാകരന്റെ വെല്ലുവിളി.