പത്തനംതിട്ട: സിപിഐഎം അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ അനുകൂലിച്ച് ഒരുവിഭാഗം. എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യയെ നേരത്തെ പത്തനംതിട്ടയിൽ നിന്നുള്ള സിപിഐഎം നേതാക്കൾ അതിരൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ ഏരിയാ സമ്മേളനത്തിൽ പി പി ദിവ്യയെ പിന്തുണയ്ക്കുന്ന പ്രതികരണങ്ങൾ ഉയർന്നത്.
സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവാണ് പിപി ദിവ്യയെന്നും പത്തനംതിട്ട ജില്ലാ നേതൃത്വം ദിവ്യയെ മാധ്യമങ്ങൾക്ക് കൊത്തിപറിക്കാൻ ഇട്ടു കൊടുത്തെന്നുമുള്ള അതിരൂക്ഷ വിമർശനങ്ങളാണ് അടൂർ ഏരിയാ സമ്മേളനത്തിൽ ഉയർന്നത്. ജില്ലാ നേതൃത്വം ദിവ്യയെ പരസ്യമായി തള്ളി പറഞ്ഞതും വിമർശിച്ചതും ശരിയായില്ലെന്നും പ്രതിനിധികൾ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പലതവണ ദിവ്യയെ വിമർശിച്ചിരുന്നു.