മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെ രാഷ്ട്രീയരംഗത്തെ ഉന്നത നേതാക്കളും വ്യവസായ പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 4000ലധികം പൊലീസുദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നത്.
സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.ഡിസംബര്‍ അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനില്‍ വെച്ച് നടന്ന ചടങ്ങിനിടെയാണ് മോഷണപരമ്പര അരങ്ങേറിയത്.40000ലധികം മഹായുതി സര്‍ക്കാര്‍ അനുകൂലികളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങിന് ശേഷം രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന അവസരം മുതലെടുത്ത കള്ളന്‍മാര്‍ മോഷണം നടത്തുകയായിരുന്നു. സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍, പഴ്‌സുകള്‍ എന്നിവ മോഷണം പോയി. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.