ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലി സഖ്യകക്ഷികൾ തമ്മിലുളള ഭിന്നത അതിരൂക്ഷം. അവസരം ലഭിച്ചാൽ ഇൻഡ്യ സഖ്യത്തെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ച് ലാലു പ്രസാദ് യാദവും രംഗത്തെത്തി. ഇന്ത്യ സഖ്യത്തെ മമത നയിക്കണമെന്ന് പറഞ്ഞ ലാലു യാദവ് കോൺഗ്രസിന്റെ എതിർപ്പിന് പ്രസക്തയില്ലെന്നും കൂട്ടിച്ചേർത്തു.നേരത്തെ മമതയെ പിന്തുണച്ച് എൻസിപി നേതാക്കളായ ശരദ് പവാറും, സുപ്രിയ സുലെയും രംഗത്തുവന്നിരുന്നു. മമത വന്നാൽ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുമെന്നും ഞങ്ങൾ എല്ലാവരും സന്തോഷത്തിലായിരിക്കുമെന്നും സുപ്രിയ സുലെ എഎൻഐയോട് പറഞ്ഞിരുന്നു. ബംഗാളിൽ ബിജെപിയെ തുരത്തിയും, വിവിധ ജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചും മമത മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്. സഖ്യത്തിന്റെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു. ഇവർക്ക് പുറകെയാണ് ഇപ്പോൾ ലാലു പ്രസാദ് യാദവും രംഗത്തുവന്നിരിക്കുന്നത്.
ഒരു സ്വകാര്യ ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമത ബാനർജി മുന്നണിക്കെതിരെ രംഗത്തുവന്നത്. ‘ഇൻഡ്യ’യുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നൽകിയാൽ മുന്നണിയുടെ നേതൃസ്ഥാനം താൻ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞിരുന്നു. കോൺഗ്രസ് എന്നാൽ ഈ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു.