മോസ്കോ: റഷ്യയും യുക്രൈനും ഒരുമിച്ച് നിർമിച്ച യുദ്ധക്കപ്പൽ ഇന്ത്യക്ക് കൈമാറി. 2016ലാണ് ഇന്ത്യ രണ്ട് യുദ്ധക്കപ്പൽ നിർമിക്കാൻ ഓർഡർ നൽകിയത്. ഇതിൽ ഒന്നായ ഫ്രിഗേറ്റ്-ഐഎൻഎസ് തുഷിൽ നിർമിക്കാനാണു റഷ്യയും യുക്രൈനും ഒരുമിച്ചത്. പിന്നീട് യുദ്ധം പൊട്ടിപ്പുറപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും കരാർ ലംഘിച്ചില്ല. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയിൽ എത്തിയപ്പോൾ റഷ്യ കപ്പൽ ഇന്ത്യക്ക് കൈമാറി. കപ്പലിന്റെ പ്രൈമറി എൻജിനുകളും ഗ്യാസ് ടർബൈനുകളും യുക്രൈനിലാണ് നിർമിച്ചത്. ഇന്ത്യൻ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രൈൻ കമ്പനിയായ സോറിയ-മാഷ്പ്രോക്റ്റ് നിർമിച്ച ഗ്യാസ് ടർബൈനുകളാണ് ഉപയോഗിക്കുന്നത്.
എൻജിനുകൾ യുദ്ധക്കപ്പലിൽ സ്ഥാപിക്കുന്നതിനു മുൻപ് ഇന്ത്യ ഇത് യുക്രൈനിൽ നിന്ന് വാങ്ങി റഷ്യയിൽ എത്തിച്ചു. രണ്ട് കപ്പലുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള തയാറെടുപ്പിലാണ് നാവിക സേന. ഗോവയിലെ കപ്പൽശാലയിലാണ് കപ്പലുകൾ നിർമിക്കുന്നത്. 3,900 ടൺ മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് തിങ്കളാഴ്ച കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വിപുലമായ പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, തീവ്രവാദ വിരുദ്ധത തുടങ്ങിയ മേഖലകളിൽ പരസ്‌പരമുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഇന്ത്യയും റഷ്യയും സഹകരണത്തിൻ്റെ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രിഗേറ്റിൻ്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി അഭിനന്ദിച്ചു.