ടോക്കിയോ: ജീവനക്കാർക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിനമാക്കാനൊരുങ്ങി ടോക്കിയോ ഭരണകൂടം. രാജ്യത്തിൻ്റെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ് നിൽക്കുമ്പോഴാണ് ആഴ്ചയിൽ മൂന്ന് ദിവസം ജീവനക്കാർക്ക് അവധി നൽകിയ ഭരണകൂടത്തിന്റെ നീക്കം. ടോക്കിയോ ഗവർണർ യൂരിക്കോ കൊയ്കെയണ് തീരുമാനം പ്രഖ്യാപിച്ചത്.
ഏപ്രിൽ മുതൽ മെട്രോപൊളിറ്റൻ ഗവൺമെന്റിലെ ഉദ്യോഗസ്ഥർക്ക് ആഴ്‌ചയിൽ മൂന്ന് അവധി നൽകുമെന്ന് ഗവർണർ അറയിച്ചു. പ്രസവവും കുട്ടികളെ നോക്കുന്നതും മൂലം ഒരാൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരരുതെന്ന് കരുതിയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നതെന്ന് ഗവർണർ പറഞ്ഞു. ടോക്കിയോ മെട്രോപൊളിറ്റൻ അസംബ്ലിയുടെ നാലാമത് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഗവർണർ പ്രഖ്യാപനം നടത്തിയത്.
അവധിയോടൊപ്പം ശമ്പളത്തിന്റെ ചെറിയൊരു ഭാഗം വിട്ടുനൽകി നേരത്തെ ജോലി അവസാനിപ്പിച്ച് പോകാനുള്ള അവസരവും ജീവനക്കാർക്ക് നൽകുമെന്ന് ഗവർണർ അറിയിച്ചു. ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സമ്പദ്‍വ്യവസ്ഥയും സംരക്ഷിക്കുന്നതിനായാണ് നീക്കമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ജനസംഖ്യാ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്‍റെ ശ്രമങ്ങൾ വർധിപ്പിച്ചിട്ടും, കഴിഞ്ഞ വർഷത്തെ നിരക്ക് ഒരു സ്ത്രീക്ക് 1.2 കുട്ടികള്‍ എന്ന നിലയിലാണ്. ജനസംഖ്യ ഉയര്‍ത്താനായി 2.1 എന്ന നിരക്ക് ആവശ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം ജപ്പാനിൽ കഴിഞ്ഞ വർഷം 7,27,277 ജനനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.