ന്യൂഡൽഹി: ഭർത്താക്കന്മാർക്കെതിരായ വ്യക്തി വൈരാഗ്യം തീർക്കാൻ സ്ത്രീകൾ ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പ് ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. വിവാഹിതയായ സ്ത്രീകൾക്ക് ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പാണിത്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ചുരുങ്ങിയത് മൂന്നുവർഷം തടവും പിഴയും ലഭിക്കും. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഭാര്യയും ഭാര്യയുടെ കുടുംബവും നിരന്തരം ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് ബംഗളൂരുവിൽ ടെക്കി യുവാവ് ആത്മഹത്യ ചെയ്തതിന്റെ അലയൊലി മാറുംമുമ്പാണ് തെലങ്കാനയിൽ നിന്നുള്ള കേസ് പരിഗണിക്കവെ സുപ്രീംകോടതി വിധി.
സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ ഭർത്താവും കുടുംബവും ഒരു സ്ത്രീയോട് കാണിക്കുന്ന ക്രൂരത തടയുന്നതിനാണ് സെക്ഷൻ 498 (എ) കൊണ്ടുവന്നത്’ -ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പീനൽ കോഡിലെ ഈ വകുപ്പാണ് പിന്നീട് ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പായി മാറിയത്.സമീപകാലത്തായി രാജ്യത്തുടനീളം വൈവാഹിക ബന്ധങ്ങളിൽ തർക്കങ്ങൾ വർധിക്കുന്നതായി നിരീക്ഷിച്ച കോടതി, വിവാഹബന്ധങ്ങളിൽ പിരിമുറുക്കങ്ങളും സംഘർഷങ്ങളും കൂടിവരുന്നതായും കണ്ടെത്തി.
ഭാര്യ-ഭർതൃ ബന്ധങ്ങളിലെ പ്രശ്നങ്ങൾ വർധിക്കുന്നത് മൂലം സ്വാഭാവികമായും വ്യക്തിവിരോധം തീർക്കുന്നതിന് 498(എ) വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലായി മാറിയെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.ഇത്തരം അവ്യക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഭർത്താക്കന്മാർക്കെതിരെ ഭാര്യയും അവരുടെ കുടുംബവും നിയമം ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കും. പങ്കാളിക്കും അവരുടെ കുടുംബത്തിനുമെതിരെ തെലങ്കാന യുവാവ് നൽകിയ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. നേരത്തേ ഈ കേസ് തള്ളാൻ തെലങ്കാന ഹൈകോടതി വിസമ്മതിച്ചിരുന്നു.