ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ യുവതാരം ഡി ഗുകേഷ് കിരീടം നേടിയതിൽ വിവാദം. താരം കിരീടം നേടിയതിന് പിന്നാലെ ഫൈനൽ റൗണ്ടിലെ മത്സരം ഒത്തുകളിയാണെന്ന ആരോപണവുമായി റഷ്യൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ആന്ദ്രേ ഫിലറ്റോവ് രംഗത്തെത്തി. ചൈനീസ് താരം ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം നേടിയിരുന്നത്. അവസാന റൗണ്ടിൽ ലിറന്റെ നീക്കങ്ങൾ സംശയാസ്പദമാണെന്നും ഇതേ കുറിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിദെ) അന്വേഷണം നടത്തണമെന്നും ആന്ദ്രേ ഫിലറ്റോവ് ആവശ്യപ്പെട്ടു.
ഫൈനൽ റൗണ്ടിലെ കളിയുടെ ഫലം പ്രൊഫഷണലുകളിലും ചെസ് ആരാധകരിലും അമ്പരപ്പുണ്ടാക്കി. നിർണായക മത്സരത്തിൽ ചൈനീസ് താരം നടത്തിയ പിഴവുകൾ ഒരു സാധാരണ കളിക്കാരന് പോലും പറ്റാത്തവയാണ്. ചൈനീസ് താരം ബോധപൂർവ്വം തോറ്റുകൊടുത്തതാണെന്ന് തോന്നുന്നു. അതുകൊണ്ട് ഈ മത്സരത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഫിലാറ്റോവ് ഫിദെയോട് ആവശ്യപ്പെട്ടു.
ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ വിജയിയാണ് ഗുകേഷ്. 18-ാം വയസിലാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. 2012ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.