ന്യൂഡൽഹി: നിലമ്പൂർ എം.എല്‍.എ പി.വി. അന്‍വര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായി സൂചന. അന്‍വര്‍ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. അൻവറിന് കെ. സുധാകരന്റെ പിന്തുണയുണ്ടെന്നും പുതിയ നീക്കങ്ങൾ രമേശ് ചെന്നിത്തലയുടെ അറിവോടെയാണെന്നും റിപ്പോർട്ടുണ്ട്. കെ. സുധാകരനുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മറ്റ് ചില നേതാക്കൾക്കും അൻവർ കോൺഗ്രസിൽ തിരിച്ചെത്തുന്നതിനോട് താൽപ്പര്യമില്ലെന്നമാണ് സൂചന.
അന്‍വറിനെ യു.ഡി.എഫില്‍ എടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. ഇവരുടെ തീരുമാനം അൻവറിന്‍റെ കോൺഗ്രസ് പ്രവേശനത്തിൽ നിർണായകമാകും.ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ ഭാഗമാകാനായിരുന്നു അൻവറിന്‍റെ ഡി.എം.കെയുടെ ലക്ഷ്യം. എന്നാൽ ദ്രാവിഡ മുന്നേറ്റ കഴകം താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ അൻവർ തൃണമൂൽ കോൺഗ്രസുമായും എസ്.പിയുമായും ചർച്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ അന്‍വര്‍ പാലക്കാടും വയനാടും യു.ഡി.എഫിനെ പിന്തുണച്ചിരുന്നു.