തബല വിദ്വാനും ഇതിഹാസവുമായ ഉസ്താദ് സാക്കിർ ഹുസൈൻ ആശുപത്രിയിൽ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ ആരോഗ്യം ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഏവരും പ്രാർത്ഥിക്കണമെന്ന് കുടുംബം പറഞ്ഞു. വാർത്ത അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് അയൂബ് ഔലിയ സ്ഥിരീകരിച്ചതായി മാദ്ധ്യമ പ്രവർത്തകൻ പർവേസ് അലം എക്സിൽ വ്യക്തമാക്കി.
“അദ്ദേഹം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ ചികിത്സയിലാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് തന്നോട് ഫോണിൽ സ്ഥിരീകരിച്ചു. അയൂബ് ഔലിയ ലണ്ടനിലാണ്. അദ്ദേഹം സാക്കിറിന്റെ ആരാധകരോട് പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്”.-പർവേസ് എക്സിൽ കുറിച്ചു.
1951-ൽ മുംബൈയിൽ ജനിച്ച സാക്കിറിനെ ഇന്ത്യാ ഗവൺമെൻ്റ് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. 1999-ൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി അന്താരാഷ്‌ട്രതലത്തിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഇത് യുഎസ്എയിലെ പരമ്പരാഗത കലാകാരന്മാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ്.