കാലിഫോര്‍ണിയ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന രണ്ട് യുഎസ് ബഹിരാകാശയാത്രികരുടെ മടങ്ങിവരവ് ഇനിയും വൈകുമെന്ന് നാസ. ബോയിങ് സ്റ്റാര്‍ലൈനറിന്റെ പരീക്ഷണ പറക്കലിന്റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തിയ സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വില്‍മോറും മാർച്ച് അവസാനം വരെ അവിടെ തുടരുമെന്ന് നാസ ചൊവ്വാഴ്‌ച അറിയിച്ചു.
2024 ജൂണ്‍ ഏഴിനാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. എട്ട് ദിവസം ഇവിടെ ചെലവിട്ട് ജൂൺ 13ന് തന്നെ മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, പേടകത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇരുവര്‍ക്കും അതേ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചിറങ്ങാനായില്ല.
തുടർന്ന് 2025 ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തില്‍ ഇരുവരെയും തിരികെ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാൽ, ഈ ദൗത്യം മാർച്ചിലേക്ക് മാറ്റിയിരിക്കുകയാണ് നാസ. അതിനാൽ, രണ്ടുടീമുകളും ഭൂമിയിലെത്തുന്നത് വൈകും.
എട്ട് ദിവസത്തേക്ക് പോയ സുനിതയും വിൽമോറും ഒൻപത് മാസത്തിലധിമായി ബഹിരാകാശനിലയിൽ കഴിയുകയാണ്. ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്ക ചെറുതല്ല. ഇതിനിടെ സാന്താ തൊപ്പി ധരിച്ച സുനിതയുടേയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിന്റേയും ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശങ്കകൾ ഒഴിയുന്നില്ലെങ്കിലും ആഘോഷങ്ങൾ മാറ്റിവെക്കുന്നില്ല ബഹിരാകാശയാത്രികർ. ബഹിരാകാശനിലയിൽ ക്രിസ്‌മസ് ആഘോഷത്തിരക്കിലാണെന്നാണ് വിവരം. ബഹിരാകാശ നിലയത്തില്‍ നിന്ന് ഹാം റേഡിയോയിലുടെ സംസാരിക്കുന്നതിനിടെ പോസ് ചെയ്‌ത ചിത്രങ്ങൾ നാസ എക്‌സ് പോസ്റ്റിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.