ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആരാധകരെ ഞെട്ടിച്ച ഈ തീരുമാനം ഇന്നത്തെ മത്സരശേഷം അശ്വിൻ പ്രഖ്യാപിക്കുക ആയിരുന്നു. ഗാബ ടെസ്റ്റിന്റെ ഭാഗം ആകാതിരുന്ന അശ്വിൻ ബോർഡർ ഗവാസ്‌ക്കർ പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു.38 കാരനായ സ്പിന്നർ അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ്.
2011 നവംബർ 6 ന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്‌ക്കായി തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം, അശ്വിൻ 106 ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുകയും 537 വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ അനിൽ കുംബ്ലെ (619) മാത്രമാണ് അദ്ദേഹത്തെക്കാൾ കൂടുതൽ വിക്കറ്റ് നേടിയത്.ഇന്ത്യക്കായി 41 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) മത്സരങ്ങൾ കളിച്ചിട്ടുള്ള അശ്വിൻ 195 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ സൂപ്പർ പ്രകടനത്തിന് പുറമെ, ഇന്ത്യക്കായി 116 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അശ്വിൻ യഥാക്രമം 156, 72 വിക്കറ്റുകൾ നേടിയിട്ടുണ്ട്.