കണ്ണൂര്‍: ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി പുതുച്ചേരി മണ്ഡലം കോണ്‍ഗ്രസിന് അനുവദിക്കാനാണ് ഡിഎംകെ നേതൃത്വം നല്കുന്ന സിപിഐഎം കൂടി അംഗമായ മുന്നണി തീരുമാനിച്ചത്. എന്നാല്‍ പുതുച്ചേരിയില്‍ ഉള്‍പ്പെട്ട, കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന മാഹിയിലെ സിപിഐഎം പ്രവര്‍ത്തകര്‍ ഉടക്കി. കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ നിലപാട് ചര്‍ച്ചയാവുകയും ചെയ്തു.
അതോടെ ഈ പ്രശ്നം പരിഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു മാഹിയിലെ സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി. മാഹിയിലെ സിപിഐഎം യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. മാഹിക്ക് പുറമേയുള്ള മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യും.
യുണൈറ്റഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി കെ പ്രഭുദേവനാണ്. ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ വോട്ട് ചെയ്ത് പ്രഭു ദേവനെ വിജയിപ്പിക്കണമെന്ന് സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറി കെ പി സുനില്‍ കുമാര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.