മോസ്‌കോ: റഷ്യയുടെ ആണവ-ജൈവ-രാസായുധ സംരക്ഷണസേനാ തലവൻ ലഫ്. ജനറൽ ഇഗോർ കിറിലോവിനെ സ്കൂട്ടർബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉസ്‌ബെക്കിസ്താൻ പൗരൻ അറസ്റ്റിൽ. 29 വയസ്സുള്ള പ്രതിയുടെ പേര് റഷ്യ പുറത്തുവിട്ടിട്ടില്ല.
റഷ്യൻ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസിയായ എഫ്എസ്ബിയാണ് ബുധനാഴ്ച അറസ്റ്റ് വിവരം പുറത്തുവിട്ടത്. യുക്രൈന്റെ രഹസ്യാന്വേഷണവിഭാഗമായ എസ്ബിയു ആണ് കിറിലോവിനെ വധിക്കാൻ ഇയാളെ നിയോഗിച്ചതെന്ന് ഏജൻസി പറഞ്ഞു. യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും വധത്തിനുപിന്നിൽ തങ്ങളാണെന്ന് എസ്ബിയു ഉദ്യോഗസ്ഥൻ നേരത്തേ അവകാശപ്പെട്ടിരുന്നു. യുദ്ധത്തിൽ റഷ്യയുടെ രാസായുധപ്രയോഗവുമായി ബന്ധപ്പെട്ട് കിറിലോവിനുമേൽ യുക്രൈൻ ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനു പിറ്റേന്നാണ് സംഭവം. അതേസമയം, കിറിലോവ് വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യുഎസ് അറിയിച്ചു.
കൊലപാതകംനടത്തിയാൽ ഒരുലക്ഷം ഡോളർ (ഏകദേശം 84 ലക്ഷം രൂപ) നൽകാമെന്നും യൂറോപ്പിലേക്കുകടക്കാൻ സഹായിക്കാമെന്നും യുക്രൈൻ വാഗ്ദാനംചെയ്തതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചെന്ന് എഫ്എസ്ബി അറിയിച്ചു. യുക്രൈൻ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് ഇയാൾ മോസ്കോയിലേക്ക് യാത്രചെയ്തതും കിറിലോവിന്റെ അപ്പാർട്ട്‌മെന്റിനുമുന്നിലെ ഇലക്‌ട്രിക് സ്കൂട്ടറിൽ സ്ഫോടകവസ്തു സ്ഥാപിച്ചതും. മേഖലയിൽ നിരീക്ഷണംനടത്താനായി കാറും വാടകയ്ക്കെടുത്തിരുന്നു. ക്യാമറയുപയോഗിച്ച് സംഭവസ്ഥലത്തെ ദൃശ്യങ്ങൾ യുക്രൈൻനഗരമായ ഡിനിപ്രോയിലെ ഉദ്യോഗസ്ഥരെ ഇയാൾ തത്സമയം കാണിച്ചിരുന്നെന്നും പറയുന്നു.
ചൊവ്വാഴ്ചയാണ് വടക്കുകിഴക്കൻ മോസ്കോയിലെ അപ്പാർട്ട്‌മെന്റിനുമുന്നിലുണ്ടായ സ്കൂട്ടർ സ്ഫോടനത്തിൽ കിറിലോവ് കൊല്ലപ്പെട്ടത്. യുക്രൈൻ റഷ്യയിൽവെച്ച് വധിക്കുന്ന ഏറ്റവും ഉന്നതനായ സൈനികോദ്യോഗസ്ഥനാണ് കിറിലോവ്. അദ്ദേഹത്തിന്റെ വധം യുക്രൈനുനേരേ കടുത്തപ്രയോഗത്തിനുമുതിരാൻ റഷ്യയെ പ്രേരിപ്പിക്കുമോ എന്ന ആശങ്കയിലാണ് പാശ്ചാത്യരാജ്യങ്ങൾ.