ഗതാഗത നിയമലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താൻ തീരുമാനം. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാനുള്ള പൊലീസ് – മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയുടെ ഭാഗമായാണ് നടപടി. പൊലീസ് -മോട്ടോർ വാഹന വകുപ്പ് പരിശോധന ഇന്നലെമുതൽ ആരംഭിച്ചു.
സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളിൽ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്.റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളിൽ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര.
അപകട മേഖലകൾ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പരിശോധന നടത്തുക. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, അശ്രദ്ധമായി വാഹനം ഓടിക്കൽ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സർവീസ് നടത്തുക തുടങ്ങിയവയ്‌ക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവർമാരെ കൂടുതൽ സുരക്ഷാ ബോധമുള്ളവരാക്കി അപകടങ്ങൾ കുറക്കുന്നതിനുള്ള ബോധവൽകരണ പരിപാടികളും പരിശോധനയുടെ ഭാഗമായി നടക്കും.
അതേസമയം അലങ്കരിച്ച വാഹനങ്ങൾ പൊതുനിരത്തുകളിൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു എംവിഡി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകർ വരുന്ന വണ്ടികളിൽ പലതും ഇത്തരത്തിൽ അലങ്കാരങ്ങൾ തീർത്ത വണ്ടികളാണ്. മാത്രവുമല്ല ചന്ദനം, മഞ്ഞൾ എന്നിവ കൊണ്ട് രജിസ്‌ട്രേഷൻ നമ്പർ മറച്ചുകൊണ്ടുള്ള അലങ്കാരങ്ങളും കാണാറുണ്ട്.വാഹനങ്ങളുടെ പിന്നിലും മുന്നിലും ഉള്ള സുരക്ഷാ ഗ്ലാസുകളിൽ പല നിറങ്ങളിലായി പതിപ്പിക്കുന്ന സ്റ്റിക്കറുകൾ ഡ്രൈവറുടെ പുറമെയുള്ള കാഴ്ച പരിമിതിയ്ക്ക് കാരണമാകുമെന്നും റോഡ് അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
കൂടാതെ വാഹനങ്ങളിൽ അനധികൃതമായി ലൈറ്റുകൾ ഘടിപ്പിക്കുന്നത് അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ സുരക്ഷാ പരിശോധനയിൽ കൃത്യത കുറവ് വരുത്തും ഇത്തരം നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് എംവിഡിയുടെ കർശന മുന്നറിയിപ്പ്.