ന്യൂഡൽഹി: അമേഠിയിൽ റോബർട്ട് വദ്രക്ക് കോൺഗ്രസ് സീറ്റ് നൽകില്ല. പ്രിയങ്ക അമേഠിയിലും രാഹുൽ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാട് കോൺഗ്രസ് സ്വീകരിച്ചതോടെയാണ് വാദ്രക്ക് വഴിയടഞ്ഞത്. വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും കോൺഗ്രസ് വിലയിരുത്തി. അമേഠിയിൽ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്ന അഭ്യൂഹം നിലനിൽക്കെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബർട്ട് വാദ്ര മത്സരിക്കാനെത്തുമെന്നായിരുന്നു സൂചന.
മത്സരിക്കാൻ റോബർട്ട് വാദ്ര താൽപര്യമറിയിച്ചതോടെയാണ് അഭ്യൂഹമുയർന്നത്. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര വാര്‍ത്താ ഏജൻസിയോട് പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കില്‍ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു.