തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘രമേശ് ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. തമ്മില്‍ ഭേദം തൊമ്മന്‍. എസ്എന്‍ഡിപിയും രമേശും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമാണുള്ളത്. എന്‍എസ്‌എസുമായി സഹകരിച്ചിട്ട് രമേശ് ചെന്നിത്തലക്ക് പ്രത്യേകിച്ച് ഗുണമില്ല. താക്കോല്‍ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല. താക്കോല്‍ കിട്ടിയിട്ട് വേണ്ടേ’, ചെന്നിത്തല പറഞ്ഞു. അഞ്ച് പേര്‍ താക്കോലിനായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.എന്‍എസ്എസിന് പിന്നാലെ എസ്എന്‍ഡിപിയുടെ പരിപാടിയിലേക്കും ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം വന്നിരിക്കുന്നത്. ഈ മാസം 28ന് വൈക്കം ആശ്രമം ഹൈസ്‌കൂളില്‍ നിന്ന് ശിവഗിരി തീര്‍ത്ഥാടന പദയാത്ര ആരംഭിക്കും. ഇത് സംബന്ധിച്ച സമ്മേളനം എസ്എന്‍ഡിപി ശക്തികേന്ദ്രമായ വൈക്കത്ത് നടക്കുന്നുണ്ട്. ഈ സമ്മേളനമാണ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.
കോണ്‍ഗ്രസിനോട് ഇടഞ്ഞുനില്‍ക്കുന്നകാലത്തും എസ്എന്‍ഡിപിയും എന്‍എസ്എസും രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശക്തികേന്ദ്രമായ വൈക്കത്തെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടെ രാഷ്ട്രീയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്ന ചര്‍ച്ചകളും സജീവമാണ്.