തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടന്നതായി മോൺസൺ മാവുങ്കൽ കേസിലെ പരാതിക്കാരൻ ഷമീർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതല ഏറ്റശേഷമാണ് കെ. സുധാകരനെ പീഡനക്കേസിൽ പെടുത്തുവാൻ ശ്രമം നടത്തിയതെന്ന് ഷമീർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈ.ആർ റെസ്റ്റത്തിനെതിരെയും ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിച്ചത്. കെ. സുധാകരനെതിരെ റസ്റ്റം നിർദേശിച്ചതനുസരിച്ച് കളവായി 164 സ്റ്റേറ്റ്മെന്റ് നൽകിയതായി വ്യക്തമാകുന്ന ശബ്ദരേഖയും പരാതിക്കാരനായ ഷമീർ പുറത്തുവിട്ടു. കുറ്റപത്രത്തിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ടെന്നും, തങ്ങൾ പറയാത്ത പല കാര്യങ്ങളും മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.