മനാമ: ബഹ്‌റൈനിലെ ശൈത്യകാലത്തിന്‍റെ പ്രധാന പരിപാടികളിൽ ഒന്നായ ശരത്കാല മേളയുടെ ( ഓട്ടം ഫെയർ) 35–ാമത് എഡിഷൻ ജനുവരി 23 മുതൽ ഫെബ്രുവരി 1 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും. പ്രതിവർഷം ഒരു ലക്ഷത്തിലധികം സന്ദർശകർ എത്തുന്ന മേള ഇത്തവണയും പുതുമകളോടെയാണ് അവതരിപ്പിക്കുന്നത്.
ഇൻഫോർമ മാർക്കറ്റ്‌സിന്‍റെ ആഭിമുഖ്യത്തിൽ ടൂറിസം മന്ത്രാലയത്തിന്‍റെയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെയും (ബിടിഇഎ) പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ഈ മേള ഗുണകരമാകുമെന്ന് ബിടിഇഎ ചീഫ് എക്‌സിക്യൂട്ടീവ് സാറാ ബുഹിജി പറഞ്ഞു.
മേളയുടെ തുടർച്ചയായ വർഷങ്ങളിൽ ഈ വർഷം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇൻഫോർമ മാർക്കറ്റ്‌സ് ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. അവസാന രണ്ട് ദിവസങ്ങളായ ജനുവരി 31നും ഫെബ്രുവരി 1നും ഒഴികെ, രാവിലെ 10 മുതൽ രാത്രി 10 വരെ മേളയിലേക്ക് പ്രവേശനമുണ്ടാകും. ജനുവരി 26, 27 തീയതികളിൽ രാവിലെ സ്ത്രീകൾക്ക് മാത്രമായി പ്രവേശനം.